ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ രൗദ്രഭാവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ആർക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ അവരുടെ മണ്ണിൽപ്പോയി നശിപ്പിച്ചെന്നും മോദി പറഞ്ഞു. രാജസ്ഥാനിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി 9 ഭീകരകേന്ദ്രങ്ങളിൽ 22 മിനിട്ടുകൊണ്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് രാജ്യത്തിന്റെ ശത്രുക്കൾ കണ്ടു. സിന്ദൂരം മായ്ക്കാൻ വന്നവരെ സൈന്യം മണ്ണിനോട് ചേർത്തു. ഇതു പുതിയ ഭാരതത്തിന്റെ രൗദ്രഭാവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികളോട് ഈ രീതിയിലായിരിക്കും രാജ്യം പെരുമാറുക. സംഘർഷത്തെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ പ്രതിനിധിസംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രീയപാർട്ടികളിലുള്ളവർ സംഘത്തിലുണ്ട്. ഇതോടെ, പാക്കിസ്ഥാന്റെ യഥാർഥ മുഖം ലോകത്തിനു മനസ്സിലാകുമെന്നും മോദി പറഞ്ഞു.
നമ്മുടെ വ്യോമ താവളങ്ങൾ ആക്രമിക്കാൻ അവർ ശ്രമിച്ചുവെങ്കിലും ഒന്നിൽപ്പോലും ഒന്ന് തൊടാൻ പോലും പാകിസ്താന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനോട് ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനുവേണ്ടിയുള്ളതാകും. ഇന്ത്യയുടെ രക്തം തൊട്ടു കളിച്ചാൽ വലിയ വില പാകിസ്താൻ നൽകേണ്ടിവരും. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

