രാജീവ് ഗാന്ധി വധക്കേസ് ; ജയിൽ മോചിതരായ പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്നുപേര്‍ സ്വന്തം നാടായ ശ്രീലങ്കയിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരും വിമാനമാർഗം കൊളംബോയിലേക്ക് പുറപ്പെട്ടത്. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറുപേരെ 2022 നവംബറിലാണ് സുപ്രിംകോടതി ജയിൽ മോചിച്ചത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയും പരിഗണിച്ചാണ് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.

കേസിൽ വിട്ടയച്ച നളിനിയുടെ ഭർത്താവാണ് മുരുകൻ. തമിഴ്‌നാട് സ്വദേശിനിയായ നളിനി ഭർത്താവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേസിൽ ശിക്ഷപ്പെടുമ്പോൾ ഗർഭിണിയായിരുന്നു നളിനി. ഇവരുടെ മകൾ യു.കെയിൽ ഡോക്ടറായി ജോലി ചെയ്യുകയാണിപ്പോൾ.

ഇവരുടെ കൂടെ വിട്ടയച്ച ശ്രീലങ്കൻ പൗരനായ ശാന്തൻ കരൾ രോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ജയിൽ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. പൊലീസ് സുരക്ഷയിലാണ് ഇവരെ ചെന്നൈയിൽ എത്തിച്ചത്.അടുത്തിടെയാണ് ഇവർക്ക് ശ്രീലങ്കൻ പാസ്‌പോർട്ട് അനുവദിച്ചത്.

കേസിൽ പ്രതിയായിരുന്ന തമിഴ്‌നാട് സ്വദേശി പേരറിവാളനാണ് ആദ്യം ജയിൽ മോചിതനായത്. 2022 മേയിലാണ് പേരറിവാളൻ ജയിൽമോചിതനായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply