യുവാക്കൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ബഡ്ജറ്റ്. പുതുതായി ജോലിയിലേക്ക് പ്രവേശിക്കുന്ന 210ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിർമല സീതാരാമൻ അറിയിച്ചു. എല്ലാ മേഖലയിലും ഇത് ബാധകമാണ്. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്‌കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് അർഹത. കൂടാതെ തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും അതിനായി പ്രത്യേക നൈപുണ്യ കോഴ്‌സുകളും ഹോസ്റ്റൽ സൗകര്യവും ഒരുക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റൺഷിപ്പിന് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പുതിയ പദ്ധതിയുടെ കീഴിൽ 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കുകയും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഇതിനായി ഉപയോഗിക്കുകയും ചെയ്യുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
മതം, ജാതി, ലിംഗ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ പൗരൻമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബത്തരാണെന്നും ബഡ്ജറ്റ് സമ്മേളനത്തിനിടെ മന്ത്രി പറഞ്ഞു. ഇത്തവണത്തെ ബഡ്ജറ്റ് രാജ്യത്തെ ദരിദ്രർ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവരെ കേന്ദ്രീകരിച്ചുളളതാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

