യുപി ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ എല്ലാ ഇൻഡ്യാ മുന്നണി സ്ഥാനാർഥികളും സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിന് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

”കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയത്തിന്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു,” അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ‘ഈ അഭൂതപൂർവമായ സഹകരണവും പിന്തുണയും കൊണ്ട്, 9 നിയമസഭാ സീറ്റുകളിലും ഇൻഡ്യാ മുന്നണിയിലെ ഓരോ പ്രവർത്തകനും വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ ഊർജം നിറയ്ക്കുന്നു,’ പോസ്റ്റിൽ കുറിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലാണ് ഊന്നൽ നൽകുന്നതെന്നും അഖിലേഷ് പറഞ്ഞു.

കഠേഹാരി (അംബേദ്കർ നഗർ), കർഹാൽ (മെയിൻപുരി), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജവാൻ (മിർസാപൂർ), സിഷാമൗ (കാൻപൂർ), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്രാജ്), കുന്ദർക്കി(മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബർ 13-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply