യുപിയിലെ ലഖ്നൗവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭയ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. 25 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഖ്‌നൗവിലെ മോഹൻ റോഡിലുള്ള രാജ്കിയ ബൽഗൃഹത്തിലാണ് സംഭവം. ചില ജീവനക്കാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
രേണു (17), ദീപ (12) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മലിനമായ വെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. 10 മുതൽ 18 വയസുവരെയുള്ള 170 ഓളം കുട്ടികളാണ് അഭയകേന്ദ്രത്തിൽ ഉള്ളത്. കുട്ടികളെ ലോക് ബന്ധു ശ്രീ രാജ് നാരായൺ കമ്പൈൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും വയറിളക്കം, ഛർദി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാർച്ച് 22 നാണ് ആദ്യത്തെ വിഷബാധ റിപ്പോർട്ട് ചെയ്തത്. പിന്നാലെ രോഗബാധിതരായ കുട്ടികളുടെ എണ്ണം വർധിക്കുകയായിരിക്കുന്നു.
ലഖ്‌നൗ ഡിഎം വിശാഖ് ജി ബുധനാഴ്ച ഷെൽട്ടർ ഹോം പരിശോധിച്ചു. ഭക്ഷ്യവിഷബാധയിൽ യു.പി സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി പരിസരത്ത് നിന്ന് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. കുട്ടികളിൽ ടോട്ടൽ ല്യൂക്കോസൈറ്റ് കൗണ്ട് (ടിഎൽസി) ഉയർന്നതായി കണ്ടെത്തിയതായും ഇത് അണുബാധയെ സൂചിപ്പിക്കുന്നതായും ലഖ്‌നൗ ജില്ലാ പ്രൊബേഷൻ ഓഫീസർ (ഡിപിഒ) വികാസ് കുമാർ പറഞ്ഞു. സെപ്റ്റിക് ടാങ്ക് കുഴൽക്കിണറിനോട് ചേർന്നുനിൽക്കുന്നത് ഭൂഗർഭജല മലിനീകരണത്തിന് കരണമായോയെന്ന് പരിശോധിച്ച് വരികയാണ്. മരിച്ച കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റ് ടെസ്റ്റ് റിപ്പോർട്ടുകളും ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

