യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി, ജാംനഗറിലെ കയറ്റുമതിക്കായി മാത്രമുള്ള റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഉപയോഗം നിർത്തിയതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) അറിയിച്ചിരിക്കുകയാണ്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി കമ്പനി വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ പ്രമുഖരാണ് റിലയൻസ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും, റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും കമ്പനി തീരുമാനത്തിൽ നിർണ്ണായകമായി.
“നവംബർ 20 മുതൽ ഞങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി,” കമ്പനി വക്താവ് പറഞ്ഞു. “ഡിസംബർ 1 മുതൽ, എസ്.ഇ.സെഡ്. റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക.” 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

