റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’ കള്ളനെ ഇവർ കണ്ടെത്തിയത്.
കാത്തിരിപ്പുമുറിയിൽ തറയിൽ നിരന്നുകിടക്കുന്ന യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ചു കിടക്കുന്ന മോഷ്ടാവ് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം സമീപത്ത് കിടന്നുറങ്ങുന്ന ആളുടെ പോക്കറ്റിൽ നിന്ന് കിടന്നുകൊണ്ടുതന്നെ കൈനീട്ടി മൊബൈൽ ഫോൺ കവരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഒന്നുരണ്ടു ശ്രമങ്ങൾക്ക് ശേഷമാണ് യാത്രക്കാരനെ ഉണർത്താതെ മോഷ്ടാവ് ഫോൺ കൈക്കലാക്കുന്നത്. തന്റെ ഉദ്യമത്തിൽ വിജയിച്ച മോഷ്ടാവ് തുടർന്ന് തുടർന്ന് യാത്രക്കാരന് സമീപം ചെന്ന് കിടന്നു. സമാനമായ രീതിയിൽ അയാളുടെ പോക്കറ്റിൽ നിന്നും ഇയാൾ ഫോൺ മോഷ്ടിച്ചു. തുടർന്ന് മോഷണമുതലുകളുമായി കാത്തിരിപ്പുമുറിയിൽ നിന്ന് ഇയാൾ പുറത്തേക്കിറങ്ങി.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ റെയിൽവേ പൊലിസ് അധികം വൈകാതെ ഇയാളെ പിടികൂടി. അഞ്ച് മൊബൈലുകൾ ഇത്തരത്തിൽ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. ഇയാളുടെ കൈയിൽ നിന്ന് ഒരു ഫോൺ മാത്രമാണ് കണ്ടെടുക്കാനായത്. മറ്റുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

