ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത. മാണ്ഡ്യയിൽ സിറ്റിംഗ് എംപിയായ സുമലത ഇക്കുറി അതേ സീറ്റിൽ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുമെന്ന സൂചനയുണ്ടായിരുന്നു.
എന്നാൽ ചർച്ചകൾക്കൊടുവിൽ മാണ്ഡ്യ സീറ്റ് എച്ച്ഡി കുമാരസ്വാമിക്ക് നൽകാനാണ് നേതൃത്വം തീരുമാനിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലത തീരുമാനിച്ചിരിക്കുന്നത്. മാണ്ഡ്യയിൽ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.
2019ൽ തന്നെ സഹായിച്ച ബിജെപിയെ 2023ൽ താൻ തിരികെ സഹായിച്ചു, ഇനിയും മോദിക്ക് പിന്തുണയുണ്ടാകും, ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണ- സുമലത പറഞ്ഞു. മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിൽ ആണ് സുമലതയുടെ പ്രഖ്യാപനം.
2019ൽ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു സുമലത. എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭർത്താവ് അംബരീഷിൻറെ മരണത്തിന് പിന്നാലെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ്. ജെഡിഎസിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ജെഡിഎസ് നേതാവായ കുമാരസ്വാമിയുടെ മകൻ നിഖിൽ ആയിരുന്നു അന്ന് മണ്ഡലത്തിൽ ഏവരുടെയും മുഖ്യ എതിരാളി.
നിഖിലിനെ തോൽപിക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് മണ്ഡലത്തിൽ നിന്നതോടെ അത് സുമലതയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു. ഇക്കുറി ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെഡിഎസ്- ബിജെപി സഖ്യം സുമലതയ്ക്ക് തിരിച്ചടിയായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

