തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ (ഫോം 12 ഡി) തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര്‍ക്ക് നല്‍കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

