ബി.ജെ.പി. പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റക്കാരനെ വെറുതേ വിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭവത്തില്‍ ഇരയാക്കപ്പെട്ട ആദിവാസി യുവാവ്. പോലീസ് അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട ദശമത റാവത്തിന്റെ ആവശ്യം.
നടന്നത് നടന്നു. അദ്ദേഹം ചെയ്തത് വലിയ അപമാനമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, പ്രവേശ് ശുക്ല തങ്ങളുടെ ഗ്രാമത്തിലെ ഒരു പണ്ഡിതനാണെന്നും അതിനാല്‍ വെറുതേ വിടണമെന്നുമാണ് തനിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും ദശമത റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിധി ജില്ലയിലെ കുബ്രിയില്‍ ഒരു കടവരാന്തയിലിരിക്കുമ്പോഴാണ് പ്രവേശ് ശുക്ല സിഗരറ്റ് വലിച്ച് ദശമതിന്റെ മുഖത്തും ശരീരത്തിലും മൂത്രമൊഴിച്ചത്. ഇയാള്‍ ബി.ജെ.പി. എം.എല്‍.എ. കേദാര്‍നാഥ് ശുക്ലയുടെ മണ്ഡലം പ്രതിനിധിയും യുവമോര്‍ച്ച ഭാരവാഹിയുമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദശമതിനെ വസതിയിലെത്തിച്ച് കാല്‍കഴുകി മാപ്പുപറഞ്ഞിരുന്നു. പ്രവേശ് ശുക്ലയുടെ വീട്ടിന്റെ ഒരു ഭാഗം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
ബുധനാഴ്ച അറസ്റ്റിലായ പ്രവേശ് ശുക്ല നിലവില്‍ ജയിലിലാണ് ഉള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റേയും എസ്.സി./ എസ്.ടി. പീഡനനിരോധന നിയമത്തിന്റേയും ദേശീയ സുരക്ഷാ നിയമത്തിന്റേയും വിവിധ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പ്രവേശ് ശുക്ലക്കെതിരേ കേസ് ഫയല്‍ ചെയ്തത്.
സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ ദശമതിന് അഞ്ചുലക്ഷം രൂപ സഹായധനവും വീടുവെക്കാന്‍ ഒന്നരലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

