മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. 3 അംഗ സംഘം അൻസാരിയുടെ മരണം അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം, മുക്താർ അൻസാരിയുടെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മരണത്തെ തുടർന്ന് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുക്താർ അൻസാരിയുടെ മരണത്തിൽ യുപി സർക്കാറിനെതിരെ കടുത്ത വിമർശവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം. ഇതിന് കഴിയാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സർക്കാർ സ്വന്തം രീതിയിൽ കോടതി നടപടികൾ മറികടക്കുന്നത് നിയമവിരുദ്ധമാണ്. ഉത്തർപ്രദേശ് കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണെന്നും നിയമപാലനത്തിന് യുപിയിൽ സീറോ അവറെന്നും അഖിലേഷ് യാദവ് വിമർശിച്ചു.
അതിനിടെ, മുക്താർ അൻസാരിയുടെ കുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതെന്നാണെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിലൂടെ സത്യം പുറത്ത് വരട്ടെയെന്നും മായാവതി പറഞ്ഞു. പിതാവ് മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞിരുന്നു. ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

