മുംബൈ – പൂനെ എക്‌സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു; നാല് മരണം

മുംബൈ – പൂനെ എക്‌സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്. അപകടത്തിൽ നാലുപേർ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് സംഭവം. കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കർ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ ടാങ്കറിൻറെ ഡ്രൈവറും സഹായിയും മരിച്ചു. റോഡിലൂടെ സ്‌കൂട്ടറിൽ പോവുകയായിരുന്ന രണ്ട് പേരും മരിച്ചതാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

എണ്ണ റോഡിൽ പരന്നൊഴുകിയതോടെ വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി തെന്നിവീഴുന്ന സാഹചര്യമുണ്ടായി. അങ്ങനെയും പലർക്കും പരിക്കേറ്റു. എക്സ്പ്രസ്വേ പൊലീസ്, പൂനെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ, ലോണാവാല – ഖോപോളി മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള അഗ്‌നിശമന സേന, ഐഎൻഎസ് ശിവാജി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply