മഹാകുംഭമേള ദുരന്തം; മരിച്ചവരുടെ എണ്ണം യുപി സർക്കാരിന്റെ കണക്കിനേക്കാൾ ഇരട്ടിയിലധികമെന്ന് ബിബിസി അന്വേഷണ റിപ്പോർട്ട്

മഹാകുംഭമേളയിൽ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം യുപി സർക്കാരിന്റെ കണക്കിനേക്കാൾ ഇരട്ടിയിലധികം വരുമെന്ന് ബിബിസി അന്വേഷണ റിപ്പോർട്ട്. 37 പേർ മരിച്ചെന്നാണ് യുപി സർക്കാർ പറഞ്ഞത്, 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. യുപി സർക്കാറിന്റെ കണക്കിൽപ്പെടാത്തവർക്ക് അഞ്ച് ലക്ഷം രൂപ വീതം പൊലീസ് ഉദ്യോ?ഗസ്ഥർ വീട്ടിലെത്തി നൽകിയെന്നും കണ്ടെത്തി. മരണ കണക്കിൽപോലും കള്ളം പറയുന്ന ബിജെപി ആരുടെ നിർബന്ധപ്രകാരമാണ് കണക്ക് മറച്ചുവച്ചതെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

മഹാകുംഭമേളയിലെ പ്രധാനപ്പെട്ട സ്‌നാനം നടന്ന ജനുവരി 29 ന് മൗനി അമാവാസ്യ ദിനത്തിൽ പുലർച്ചെയാണ് തിക്കും തിരക്കും കാരണം വൻ ദുരന്തമുണ്ടായത്. ദുരന്തത്തിൽ 37 പേർ മരിച്ചെന്നാണ് യുപി സർക്കാർ ഔദ്യോ?ഗികമായി അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് യുപി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മരണസംഖ്യ ഇതിലും എത്രയോ അധികമാണെന്ന് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുരന്തത്തിൽ കുറഞ്ഞത് 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ബിബിസിയുടെ ഹിന്ദി പോർട്ടൽ നടത്തിയ അന്വേഷണറിപ്പോർട്ടിൽ പറയുന്നത്. അന്നേദിവസം തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ വീടുകളിൽ പോയി ബന്ധുക്കളുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സർക്കാറിന്റെ ഔദ്യോ?ഗിക മരണക്കണക്കിൽ ഉൾപ്പെടാത്തവരുടെ വീടുകളിലെത്തി യുപി പൊലീസ് അഞ്ച് ലക്ഷം രൂപ പണമായി കൈമാറിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പലർക്കും ഇപ്പോഴും ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ റിപ്പോർട്ട് ആയുധമാക്കുകയാണ് പ്രതിപക്ഷം. ഏത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് പണമായി സഹായധനം കൈമാറിയതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഇനിയും സഹായധനം ലഭിക്കാത്തവരുടെ പണം എവിടെ പോയെന്നും, ആരുടെ നിർബന്ധപ്രകാരമാണ് മരണകണക്ക് മാറ്റിയതെന്നും അഖിലേഷ് എക്‌സിൽ കുറിച്ചു. എത്ര മൂടിവെച്ചാലും സത്യം പുറത്തുവരുമെന്നും, മരണക്കണക്കിൽപോലും ബിജെപി കള്ളം പറയുകയാണെന്നും അഖിലേഷ് വിമർശിച്ചു. ജയറാം രമേശടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Leave a Reply