മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകും.
യാത്രയ്ക്കിടെ ഖാര്‍ഗോണിലെ ദസംഗ ഗ്രാമത്തിൽ വെച്ചാണ് അപകടമുണ്ടായത്. നദിക്കു കുറുകെയുള്ള പാലത്തില്‍നിന്നാണ് മറിഞ്ഞത്. നദിയില്‍ വെള്ളമുണ്ടായിരുന്നില്ല. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട ബസിന്‍റെ ഡ്രൈവറെ കണ്ടെത്താനായില്ല. ഇയാള്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

