മദ്യനയ കേസ്; ‘കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു’; സുനിത കെജ്രിവാളിനെതിരേ ഹർജി

മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹർജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്തത്.

റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ മാർച്ച് 28-ന് അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോൾ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയിൽ കെജ്രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇത് ആം ആദ്മി പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കുന്നവർ അത് റെക്കോർഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ മാർഗരേഖയുടെ ലംഘനമാണ് കോടതി നടപടികൾ റെക്കോർഡ് ചെയ്തതതിലൂടെ നടന്നതെന്ന് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുനിത കെജ്രിവാൾ കോടതി നടപടികളുടെ ഓഡിയോ റെക്കോർഡ് ചെയ്യുകയും അത് റീപോസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ഹർജിയിൽ പറയുന്നത്. ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നടത്തിയതിനെക്കുറിച്ചും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും പ്രത്യേക സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply