ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അദ്ദേഹത്തിന് ആറുമാസം കൂടി ജയിലിൽ തുടരേണ്ടി വരും. കേസിൽ 338 കോടി രൂപയുടെ ട്രയൽ സ്ഥാപിച്ചിട്ടുള്ളതായി കോടതി വിലയിരുത്തി. ആറോ എട്ടോ മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. വിചാരണ നീളുകയാണെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതി ജാമ്യം നിരസിച്ചതോടെ മനീഷ് സിസോദിയയ്ക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായി ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറസ്റ്റിലാവുമെന്നും തിവാരി പറഞ്ഞു.ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26നാണ് ചോദ്യം ചെയ്യലിനായി ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയ സിസോദിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട ഇഡി കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡൽഹി സർക്കാരിന്റെ മദ്യനയത്തിന് അന്തിമരൂപം നൽകിയതിന്റെ മുഖ്യശില്പി മനീഷ് സിസോദിയയാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ആം ആദ്മി സർക്കാർ കൊണ്ടുവന്ന മദ്യനയത്തിൽ അഴിമതിയാരോപിച്ച് ഫയൽ ചെയ്ത എഫ്‌ഐആറിലാണ് അന്വേഷണം നടക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

