‘മത്സരിക്കാന്‍ പണമില്ല, സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടി ആവശ്യം നിരസിച്ചു’; നിര്‍മല സീതാരാമന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ തനിക്ക് അവസരം നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.

‘ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു, മത്സരിക്കാനില്ലെന്ന്. എന്റെ കൈയില്‍ അത്ര പണമില്ല. ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കുന്നതിലും എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു’ ടൈംസ് നൗ ചാനലിലെ പരിപാടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തി. തന്റെ വാദം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചതായും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തെ ധനമന്ത്രിക്ക് ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ടില്ലെന്നാണോ എന്ന ചോദ്യത്തിന് നിര്‍മലയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല. എന്റെ ശമ്പളവവും എന്റെ വരുമാനങ്ങളും എന്റെ സമ്പാദ്യവും മാത്രമാണ് എന്റേത്’. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply