രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. യാത്ര ആരംഭിക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സ്ഥലത്ത് തിരക്ക് പിരിമിതപ്പെടുത്തണമെന്നും പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
യാത്രക്ക് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഉപാധികളോടെ യാത്രനടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
യാത്രയുടെ ഉദ്ഘാടനത്തിന് കുറച്ച് പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിക്കാമെന്ന ഉപാധികളോടെ മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഇംഫാല്‍ ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
അതേസമയം യാത്രക്കായി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരില്‍ പുതിയ വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉദ്ഘാടനത്തിന് സര്‍ക്കാര്‍ നിയന്ത്രണം വെച്ചതോടെ തൗബലിലെ സ്വകാര്യ ഭൂമിയില്‍ ഉദ്ഘാടനം നടത്താനാണ് ആലോചന.
തൗബലിലെ ഖോങ്ജോമിലെ യുദ്ധസ്മാരക സമുച്ചയത്തിന് സമീപമുള്ള സ്ഥലമാണ് കോണ്‍ഗ്രസ് കണ്ടിരിക്കുന്നത്. എഐസിസി നേതൃത്വവുമായി വേദിയുടെ കാര്യം ചര്‍ച്ച ചെയ്തുവരികയാണെന്ന് പിസിസി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര പറഞ്ഞു.
യാത്രയ്ക്ക് കോണ്‍ഗ്രസ് അനുമതി തേടി ഏകദേശം എട്ട് ദിവസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്. ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14ന് ഇംഫാലില്‍ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലായി 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. ഇതില്‍ 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉള്‍പ്പെടും. യാത്ര 20 അല്ലെങ്കില്‍ 21 ന് മുംബൈയില്‍ സമാപിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

