‘ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യുക’; കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ

ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർ​ഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർ​ഗെ പറഞ്ഞു.

ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാൽ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർ​ഗെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്. 

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍. അതിനിടെ കർണാടക ബി ജെ പിയുടെ എക്സ് ഹാൻഡിലിൽ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതിൽ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്.

കർണാടക പൊലീസാണ് ജെ പി നദ്ദക്കും സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്ന കാർട്ടൂൺ വീഡിയോയാണ് മെയ് 4 ന് പങ്ക് വച്ചത്. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കർണാടക പൊലീസ് കേസെടുത്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply