അമിതവേഗത്തിലെത്തിയ കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തിൽ ബംഗ്റ സ്വദേശിയായ ശങ്കർ ചൗദൂറാണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെപോയ കാർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ദേശീയപാത 27-ൽ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളിൽ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാർ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.
ബോണറ്റിലേക്ക് വീണ ശങ്കർ കാറിന്റെ വൈപ്പറിൽ തൂങ്ങിപിടിച്ചാണ് കിടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബോണറ്റിൽ പിടിച്ചുകിടന്ന ശങ്കർ നിർത്താൻ ആവശ്യപ്പെട്ട് ബഹളംവെച്ചിട്ടും ഡ്രൈവർ കാർ നിർത്തിയില്ല. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നിർത്താതിരുന്ന കാർ എട്ടുകിലോമീറ്ററോളം ദൂരെ അതേവേഗത്തിൽ സഞ്ചരിച്ചു. പിന്നീട് ബ്രേക്ക് ചെയ്തപ്പോൾ ശങ്കർ റോഡിലേക്ക് വീഴുകയും ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ വീണ്ടും മുന്നോട്ടുപോവുകയുമായിരുന്നു. ശങ്കർ തൽക്ഷണം മരിച്ചു. സ്ഥലത്തെത്തി പോലീസ് സംഘം മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പട്രോൾ ടീമുകൾക്കും അപകടത്തെക്കുറിച്ച് വിവരം നൽകിയിരുന്നു. തുടർന്ന് പിപ്രാകോത്തി പോലീസാണ് കാർ കണ്ടെത്തിയത്. എന്നാൽ, ഡ്രൈവറും മറ്റുയാത്രക്കാരും രക്ഷപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

