ബൈക്കിൽ ചുറ്റിക്കറങ്ങി സ്‌പൈഡർമാനും സ്‌പൈഡർ വുമണും; ഒടുവിൽ പോലീസ് പിടിച്ച് അകത്തിട്ടു

സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, സ്പൈഡർ വുമൺ വേഷം ധരിച്ച് ബൈക്കിൽ ആടിപ്പാടി കറങ്ങിനടക്കുന്ന ജോഡികൾ സെക്കൻഡുകൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റി. റീൽസ് ഷൂട്ടിങ്ങിനുവേണ്ടിയാണ് ‘സ്‌പൈഡർ കമിതാക്കൾ’ ഇരുചക്ര വാഹനത്തിൽ ആഘോഷമായെത്തിയത്.

സ്പൈഡർമാൻ ആദിത്യ (20)യും സുഹൃത്ത് 19കാരി സ്പൈഡർ വുമൺ അഞ്ജലിയും ചേർന്നു നിർമിച്ച ഇൻസ്റ്റാഗ്രാം റീൽ ഹിറ്റായി, എങ്കിലും നടുറോഡിലെ പ്രകടനം കാരണം ഇരുവരും പുലിവാലു പിടിച്ചിരിക്കുകയാണ്. ഹെൽമറ്റ് ധരിക്കാതെ, നമ്പർ പ്ലേറ്റ്, കണ്ണാടി ഇല്ലാത്ത ബൈക്കിലാണ് ഇവർ എത്തിയത്. സ്പൈഡർമാൻ നജഫ്ഗഡ് പാർട്ട്-5 എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചത്. അപകടകരമായി ബൈക്ക് ഓടിക്കുന്ന റീൽ വൈറലായതോടെ ഡൽഹി ട്രാഫിക് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മോട്ടോർ വാഹന നിയമപ്രകാരം പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു.

എന്നാൽ സ്വയം പ്രഖ്യാപിത ‘നജഫ്ഗഡ് സ്‌പൈഡർമാൻ’ ആദിത്യയും അഞ്ജലിയും സൂപ്പർഹീറോ വസ്ത്രം ധരിച്ച് ഡൽഹിയിലെ തെരുവിലിറങ്ങുന്നത് ഇതാദ്യമായല്ല. ആദിത്യയ്ക്ക് ഇന്ത്യൻ സ്‌പൈഡി ഒഫീഷ്യൽ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. വീഡിയോ ഈ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. പതിനായിരത്തിലേറെഫോളോവേഴ്സ് ഉണ്ട് ആദിത്യയ്ക്ക്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply