കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കഴിഞ്ഞ ഒൻപത് കൊല്ലമായി ഈ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഗെഹ്ലോത്ത് തുറന്നടിച്ചു.
ഏജൻസികൾ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും ഉത്തരവാദികളെ പ്രൊസിക്യൂട്ട് ചെയ്യുകയും ചെയ്താൽ തന്റെ സർക്കാർ ഊഷ്മളമായി സ്വാഗതം ചെയ്യും. പക്ഷേ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമായി ഈ ഏജൻസികൾ ചുരുങ്ങി. രാഷ്ട്രീയക്കാർ ബി.ജെ.പി.യിൽ ചേരുന്ന മുറയ്ക്ക് അവർക്കെതിരായ കുറ്റങ്ങൾ വാഷിങ് മെഷിനിൽ അലക്കിയതുപോലെ അപ്രത്യക്ഷമാകുമെന്നും ഗെഹ്ലോത്ത് പറഞ്ഞു.
മോദിജീ നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിലും നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. രാജ്യത്ത് നടക്കുന്നതെന്താണ്? ജനാധിപത്യം ഭീഷണിയിലാണ്. ഭരണഘടനയെ കീറിമുറിക്കുന്നു. ഇ.ഡി., ആദായ നികുതി വകുപ്പ്, സി.ബി.ഐ. എന്നിവ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള റെയ്ഡുകളിലൂടെ അവ കഴിഞ്ഞ ഒൻപത് വർഷമായി രാഷ്ട്രീയ ആയുധമായി മാറി.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്തസരയുടെ ജയ്പുരിലെയും സിക്കാറിലെയും വീടുകളിൽ വ്യാഴാഴ്ച ഇ.ഡി. റെയ്ഡ് നടത്തുകയും ഫെമ കേസിൽ മകൻ വൈഭവ് ഗെഹ്ലോത്തിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

