രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കുമ്പോൾ, അവിടെ നിർമാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. ബഫർസോണിൽ പുതിയ നിർമാണം വിലക്കുന്ന പരാമർശം കഴിഞ്ഞ ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട ബെഞ്ചിന്റെ പ്രതികരണം.
അവിടെ താമസിക്കുന്നവരുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിർമാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയിൽ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫർസോൺ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.
ഇതോടെ, ബഫർസോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവിനു സാധ്യതയേറി. കേരളത്തിന്റെ ആശങ്കകളോടു യോജിച്ച കേന്ദ്ര സർക്കാരും കേസിലെ അമിക്കസ് ക്യൂറി കെ. പരമേശ്വറും വിധി സൃഷ്ടിച്ച ആശയക്കുഴപ്പം അക്കമിട്ടു നിരത്തി. ഇതിനോടു കോടതിയും യോജിച്ചതോടെ വിധി പരിഷ്കരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കേസിൽ ഇന്നും വാദം തുടരും. കേരളത്തിനു വേണ്ടി ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ, വിവിധ കക്ഷികൾക്കായി പി.എൻ.രവീന്ദ്രൻ, ഉഷ നന്ദിനി, വി.കെ ബിജു, വിൽസ് മാത്യൂസ്, ദീപക് പ്രകാശ് എന്നിവർ ഹാജരായി.
കരടുവിജ്ഞാപനം ചെയ്ത മേഖലകൾക്കും ഒരു കിലോമീറ്റർ നിബന്ധനയിൽ ഇളവു നൽകണമെന്നാണു കേരളം ആവശ്യപ്പെടുന്നത്. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

