പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ‘ഐ ലവ് യു’ പറഞ്ഞു; യുവാവിന് രണ്ടുവര്‍ഷം തടവ്

മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈപിടിച്ച് ‘ഐ ലവ് യു’ എന്ന് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷത്തെ കഠിനതടവ്. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ യുവാവിന് 19 വയസ്സായിരുന്നു. ഇയാളുടെ വാക്കുകള്‍ പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാക്കാനാവൂവെന്നും ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞു.

പീഡനക്കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എന്നാല്‍, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല. 2019-ലാണ് പെണ്‍കുട്ടിയുടെ അമ്മ 19-കാരനെതിരേ പരാതി നല്‍കിയത്. ചായപ്പൊടി വാങ്ങാന്‍ അടുത്തുള്ള കടയിലേക്കുപോയ മകള്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും കാരണം തിരക്കിയപ്പോള്‍ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍വെച്ച് ഒരാള്‍ തന്റെ കൈയില്‍പിടിച്ച് ‘ഐ ലവ് യു’ എന്നുപറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

യുവാവ് കുറ്റസമ്മതം നടത്തി. പെണ്‍കുട്ടിയും താനും പ്രണയത്തിലായിരുന്നെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയുടെ കൈപിടിച്ചതിലൂടെ ബലപ്രയോഗം നടന്നതായി തെളിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇപ്പോള്‍ 24 വയസ്സുള്ള യുവാവിനെ രണ്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply