പ്രമേഹം കൂട്ടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അമിതമായി മധുരം കഴിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രമേഹ രോഗിയാണെന്ന് പറയുമ്പോഴും ജയിലിനുള്ളിൽ അദ്ദേഹം മാമ്പഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയും കഴിക്കുന്നുവെന്നാണ് ഇഡി ഡൽഹി കോടതിയെ അറിയിച്ചത്.
ജാമ്യം ലഭിക്കുന്നതിന് വേണ്ടി പ്രമേഹം കൂട്ടാനാണ് കേജ്രിവാൾ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇഡിയുടെ അഭിഭാഷകൻ സോഹെബ് ഹൊസൈൻ പ്രത്യേക ജഡ്ജി കാവേരി ബവേജയെ അറിയിച്ചത്. ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ നിരന്തരം ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനാൽ തന്റെ സ്ഥിരം ഡോക്ടറെ വെർച്വൽ കോൺഫറൻസിംഗിലൂടെ കാണാൻ അനുവദിക്കണമെന്ന കേജ്രിവാളിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
‘ഞങ്ങൾ ജയിൽ അധികാരികളിൽ നിന്ന് കേജ്രിവാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ വിശദാംശങ്ങൾ തേടിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച ദിവസമാണ് പ്രമേഹം കൂടിയത്. ആ റിപ്പോർട്ടാണ് കേജ്രിവാൾ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ പ്രമേഹം കൂടുതലാണെന്ന് തെളിഞ്ഞിട്ടും അദ്ദേഹം, മാമ്പഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയുമാണ് കഴിക്കുന്നത്. ഇതിലൂടെ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള സാഹചര്യം മനപ്പൂർവം സൃഷ്ടിക്കുകയാണ്,’ സോഹെബ് പറഞ്ഞു. കേജ്രിവാളിന് ജയിലിൽ നൽകുന്ന ഭക്ഷണത്തിന്റെ വിശദാംശങ്ങൾ കോടതി ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങൾ ഇഡി സമർപ്പിച്ചെന്നാണ് സൂചന.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

