പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കും; റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23-ന് യുക്രെയ്ൻ സന്ദർശിക്കും. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രസിഡൻ്റ് വ്‌ളാഡമിർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും.

നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിർ സെലൻസ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്.

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply