പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന് എതിരെ വിമർശനം ; ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവിനെ പുറത്താക്കി. ബിക്കാനീര്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഉസ്മാന്‍ ഘാനിയെയാണ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് ബുധനാഴ്ച പുറത്താക്കിയത്.

അടുത്തിടെ ഡൽഹിയിൽ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ, ഒരു മുസ്‍ലിമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നും പരാമർശത്തെ അപലപിക്കുന്നുവെന്നും ഘാനി പറഞ്ഞിരുന്നു. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്നോ നാലോ സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് തേടി മുസ്‍ലിംങ്ങളുടെ അടുത്തുപോകുമ്പോള്‍ അവര്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുകയും തന്നോട് ഇതിനെക്കുറിച്ച് ചോദിക്കുമെന്നും ഘാനി പറയുന്നു. ജാട്ട് സമുദായം ബി.ജെ.പിയോട് അമർഷത്തിലാണെന്നും ചുരുവിലും മറ്റ് മണ്ഡലങ്ങളിലും പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”പ്രതിച്ഛായ തകർക്കാനുള്ള ഘാനിയുടെ നടപടി പാർട്ടി മനസിലാക്കുകയും അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുകയും ചെയ്തു,” ബി.ജെ.പി സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ ഓങ്കാർ സിംഗ് ലഖാവത് പറഞ്ഞു.

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്.രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. വിവാദപ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയോട് വിശദീകരണം തേടിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply