പ്രണയം നിരസിച്ചു; 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; കർണാടകയിൽ മലയാളി യുവാവ് പിടിയിൽ

കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലെ കോളജിൽ എംബിഎ വിദ്യാർഥിയാണെന്നാണ് വിവരം. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് അഭിൻ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റി. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത്.

ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവൺമെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്.

ബൈക്കിൽ കോളജിലെത്തിയ അഭിൻ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് എറിയുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്നു രണ്ടു പെൺകുട്ടികളുടെയും ദേഹത്തും ആസിഡ് വീണു. ഒരു പെൺകുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply