ശക്തമായ സാമ്പത്തിക വളർച്ച സംബന്ധിച്ചുള്ള അമിതപ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുന്നുവെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് തടസമായി നിലനിൽക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ രാജ്യം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഇത്തരം അമിതപ്രചാരണത്തിൽ വിശ്വസിക്കുന്നുവെന്നതാണ്. ഇത് യാഥാർഥ്യമാക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നമ്മൾ എത്തിക്കഴിഞ്ഞുവെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നത്. കാരണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെന്നത് ജനങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ, ആ വിശ്വാസത്തിന് രാജ്യം കീഴടങ്ങുന്നത് ഗുരുതരമായ തെറ്റായിരിക്കും.
2047-ഓടെ രാജ്യം ഒരു വികസിത സമ്പദ് വ്യവസ്ഥയാകില്ല. രാജ്യത്തെ കുട്ടികളിൽ പലർക്കും ഹൈസ്‌കൂൾ വിദ്യാഭ്യാസമില്ലെങ്കിൽ, അവരുടെ കൊഴിഞ്ഞുപോക്ക് ഉയർന്ന നിരക്കിൽ തുടരുകയാണെങ്കിൽ ഈ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരുന്ന തൊഴിൽ ശക്തിയുണ്ട്. എന്നാൽ, അവർ മികച്ച ജോലികളിൽ ഏർപ്പെട്ടാൽ മാത്രമേ അത് ലാഭവിഹിതമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

