മലേഗാവ് സ്‌ഫോടനകേസ് പ്രതിയും ബി.ജെ.പി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന്റെ ആരോഗ്യനില വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതി. മലേഗാവ് സ്‌ഫോടനകേസിൽ പ്രതിയായ പ്രഗ്യ കോടതിയിൽ തുടർച്ചയായി മൊഴി രേഖപ്പെടുത്താൻ ഹാജരാകത്തതിന് പിന്നാലെയാണ് കോടതി നടപടി. പ്രഗ്യയുടെ അഭാവം കോടതിയുടെ നടത്തിപ്പിൽ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ കോടതി, മുംബൈയിൽ നിന്നുള്ള എൻ.ഐ.എ സംഘം ഭോപ്പാലിലെ സംഘത്തോടൊപ്പം ചേർന്ന് പ്രഗ്യയുടെ ആരോഗ്യനില നേരിട്ട് പോയി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു.
വിചാരണ തടസപ്പെടുത്താൻ പ്രഗ്യ കരുതിക്കൂട്ടി കോടതിയിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ബി.ജെ.പി എംപി കോടതിയിൽ നിന്നും അവധി നേടുന്നത്.
മാർച്ചിൽ പ്രഗ്യയുടെ അഭിഭാഷകൻ അവർക്ക് സുഖമില്ലെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. തൊട്ടടുത്ത ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, പ്രത്യേക ജഡ്ജി എ.കെ. ലഹോത്തി ഇളവ് അപേക്ഷ തള്ളുകയും പ്രഗ്യക്കെതിരെ 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മാർച്ച് 20നകം റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എക്കും നിർദേശം നൽകിയിരുന്നു.
ഏപ്രിൽ എട്ടിന് പ്രഗ്യയുടെ ആരോഗ്യനില നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി എൻഐഎ സംഘത്തോട് പറഞ്ഞു. കേസിൽ ബി.ജെ.പി എം.പിക്കു പുറമെ ആറുപേർ യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി.
പ്രഗ്യാസിങ് ഉൾപ്പെടെയുള്ള പ്രതികൾ നിരന്തരമായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് ലഹോത്തി ചൂണ്ടിക്കാട്ടിയിരുന്നു. പല കാരണങ്ങൾ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരാണെന്നാണ് കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനൽകിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

