പതഞ്ജലി സ്ഥാപകരായ യോഗാ ഗുരു രാംദേവും ആചാര്യബാലകൃഷ്ണയും സുപ്രീം കോടതിയിൽ ഹാജരായി. പതഞ്ജലി ആയുർവേദയ്‌ക്കെതിരായ മാനനഷ്ടക്കേസിലാണ് സുപ്രീം കോടതിയ്ക്ക് മുന്നിൽ ഇരുവരും എത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കുമെതിരെ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീം കോടതി വിമർശിക്കുകയുണ്ടായി. ജസ്റ്റിസുമാരായ ഹിമ കോലി, ഹിമാനുള്ള എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
യോഗയ്ക്ക് വേണ്ടി രാംദേവും ബാലകൃഷ്ണയും നൽകിയിട്ടുള്ള സംഭാവനകൾ മാനിക്കുന്നതായി കോടതി ഇരുവരെയും അറിയിച്ചു. എന്നാൽ ആയുർവേദത്തിനെ ഉയർത്തിക്കാട്ടുന്നതിനായി എന്തിനാണ് മറ്റുള്ള ചികിത്സാ ശാഖകളെ ഇകഴ്ത്തുന്നതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊള്ളാമെന്നും, ഭാവിയിൽ ആവർത്തിക്കില്ലെന്നും രാംദേവ് കോടതിയെ അറിയിച്ചു. പൊതുമാപ്പ് പറയാൻ തയ്യാറാണെന്ന് രാംദേവും ആചാര്യബാലകൃഷ്ണയും കോടതിയെ അറിയിച്ചു. എന്നാൽ മാപ്പു തരണമോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും, മൂന്ന് തവണയാണ് നിർദേശങ്ങൾ ലംഘിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കോടതികളിൽ എന്താണ് നടക്കുന്നതെന്ന് എന്നൊക്കെ അറിയാതിരിക്കാൻ മാത്രം നിഷ്‌കളങ്കരൊന്നുമല്ല നിങ്ങൾ എന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23ലേക്ക് മാറ്റി. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ബാബ രാംദേവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും, നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

