‘പിതാവിന് ഭക്ഷണത്തിൽ വിഷം കലത്തി നൽകി’ ; മുൻ എംഎൽഎ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ​ഗുരുതര ആരോപണവുമായി മകൻ ഉമർ അൻസാരി രം​ഗത്ത്. മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞു. ജയിലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരിയുടെ മരണമെന്നാണ് റിപ്പോർ‍ട്ട്.

ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. എന്നാൽ ഇപ്പോൾ, രാജ്യം മുഴുവൻ എല്ലാം അറിയുന്നു. രണ്ട് ദിവസം മുമ്പ് ഞാൻ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. പക്ഷേ എന്നെ അനുവദിച്ചില്ല. മാർച്ച് 19 ന് രാത്രി ഭക്ഷണത്തിൽ വിഷം നൽകിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ ഉറപ്പിച്ച് പറയുകയാണ്. പിതാവിന്റെ മരണത്തിൽ സത്യം എന്താണെന്ന് അറിയണം. അതിന് ഞങ്ങൾ നിയമപരമായി നീങ്ങും, ഞങ്ങൾക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകൻ പറഞ്ഞു. അതേസമയം, മുക്താർ അൻസാരിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമാജ് വാദി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

സമാജ് വാദി പാർട്ടി മുൻ എംഎൽഎയായിരുന്നു മുക്താർ അൻസാരി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply