പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിൽ; പാമ്പുകടി മരണം കുറയ്ക്കാൻ കേന്ദ്രം

പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസി’ന്റെ പട്ടിയിലുൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിലാണ് എന്നതിനാൽ ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധിക്ക് സമാനമായി വിവരശേഖരണം നടത്തി അധികൃതർക്ക് കൈമാറണമെന്നാണ് കേന്ദ്രനിർദേശം

പാമ്പുകടിയേറ്റുള്ളതോ, പാമ്പുകടിയേറ്റാകാൻ സാധ്യതയുള്ളതോ ആയ മരണങ്ങളും പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും ഇനിമുതൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണം. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പടെയുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പാമ്പുകടിയേറ്റ കേസുകൾ നിർബന്ധമായും ഈ മാതൃകയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും വേണം.

നവംബർ 27ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസ്’ ആക്കുന്നതിനെ കുറിച്ച് വിവരമുള്ളത്. പാമ്പുകടി മരണങ്ങൾക്ക് അവശ്യശ്രദ്ധ കൊടുക്കുന്നതിലൂടെ പാമ്പുകടിയേൽക്കുന്നതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് ആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

ഉത്തരവ് ഇപ്പോഴാണെത്തിയതെങ്കിലും കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാമ്പുകടി നേരത്തേ തന്നെ ഈ പട്ടികയിലുണ്ട്. 2030ഓടെ പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധിയിൽ പങ്കാളിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പദ്ധതിയിലൂടെ പാമ്പുകടിയേൽക്കുന്ന സാഹചര്യങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ ചെലുത്താനാവുമെന്നും ഇതുവഴി മരണനിരക്ക് കുറയ്ക്കാനാവുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞൻ ഡോ.രാഹുൽ ഗാജ്‌ബൈ പറയുന്നു.

പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് അവശ്യ പ്രാധാന്യം നൽകുന്നത് മെച്ചപ്പെട്ട ചികിത്സ നൽകുന്നിനും ഉപയോഗപ്പെടുമെന്നാണ് ഐസിഎംആർ മുൻ ഡയറക്ടർ ഡോ.സ്മിത മഹാലെ അറിയിക്കുന്നത്. ഇന്ത്യയിൽ സർവ സാധാരണമായിട്ടും ഏറെ അവഗണിക്കപ്പെട്ട ഒന്നാണ് പാമ്പുകടിയേറ്റുള്ള വിഷബാധ എന്നും പുതിയ തീരുമാനം വഴി ഈ മരണങ്ങളിൽ അവശ്യശ്രദ്ധ ചെലുത്താനാവുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിൽ 310ലധികം പാമ്പുവർഗങ്ങളാണുള്ളത്. ഇതിൽ പലതും വിഷമില്ലാത്തതാണെങ്കിലും കൊടുംവിഷമുള്ള 66 ഇനം പാമ്പുകളുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ മിക്ക കേസുകളും നാല് ഇനങ്ങളിൽ നിന്നുള്ളതാണ്. അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേറ്റാണ് ഇന്ത്യയിൽ 90ശതമാനം പാമ്പുകടി മരണങ്ങളും. ഇന്ത്യയിൽ ഒരു വർഷം 30ലക്ഷത്തിലേറെ പേർക്ക് കടിയേൽക്കുന്നുണ്ടെന്നും 50,000ത്തിലേറെ പേർ മരിക്കുന്നുണ്ടെന്നുമാണ് കണക്കാക്കപ്പെടുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply