തനിക്കെതിരായ പീഡന പരാതിയിൽ രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ ഗവർണർ. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണം നടത്താൻ അവകാശമില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതിനിടെ നേരത്തെ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മൂന്ന് രാജ്ഭവൻ ജീവനക്കാരോട് തിങ്കളാഴ്ച എത്താൻ പൊലീസ് നോട്ടീസ് നൽകി.
പീഡന പരാതിയിൽ അന്വേഷണ സംഘത്തിന്റെ വഴിയടയ്ക്കുകയാണ് രാജ്ഭവൻ. അന്വേഷണവുമായി ഒരുവിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് ഗവർണർ സർക്കുലർ മുഖേന ജീവനക്കാർക്ക് നിർദേശം നൽകി. ഒപ്പം പൊലീസ് ആവശ്യപ്പെട്ട സി.സിടിവി ദൃശ്യങ്ങളും നൽകേണ്ടതില്ല.
ഫോൺ മുഖേനയോ നേരിട്ടോ ഓൺലൈനായോ ഒരു വിവരവും നൽകേണ്ടതില്ല. സുപ്രിം കോടതി വിധികൾ കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസിനോട് സഹകരിക്കാൻ രാജ്ഭവന് ബാധ്യതയില്ലെന്ന് ഗവർണർ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ 361 ആം അനുഛേദ പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷയുണ്ട്.
അതിനിടെ സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റിൽ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യമടക്കം കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ നോട്ടീസ് നൽകിയവരിൽ രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

