പരസ്യവിവാദക്കേസിൽ പതഞ്ജലി യോഗഗുരു ബാബാ രാംദേവ് സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങൾ അന്ധരല്ലെന്നും ഉദാരതകാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീൻ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്.
കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മർദത്തിലായതിനാലാണ് മാപ്പപേക്ഷ നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു.
കോടതിയ്ക്കു നൽകുന്നതിനു മുൻപായി മാപ്പപേക്ഷ മാധ്യമങ്ങൾക്ക് അയച്ചെന്ന് ജസ്റ്റിസ് ഹിമ കോലിയും അപേക്ഷയിലൂടെ പതഞ്ജലി കോടതിയെ കബളിപ്പിക്കുകയൊണെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയും വിമർശിച്ചു. ആരാണ് ഈ മാപ്പപേക്ഷ തയ്യാറാക്കിയതെന്ന് താൻ അത്ഭുതപ്പെടുന്നതായി ജസ്റ്റിസ് അമാനുള്ള പറഞ്ഞു. ചൊവ്വാഴ്ചയാണ് രാംദേവ് സുപ്രീം കോടതിയിൽ വീണ്ടും മാപ്പപേക്ഷ നൽകിയത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവിനെയും പതഞ്ജലി എം.ഡി. ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു.കോടതിയലക്ഷ്യക്കേസിൽ ഇരുവരും എഴുതിനൽകിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി അന്ന് തള്ളുകയും ചെയ്തിരുന്നു. തീർത്തും ധിക്കാരപരമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുതിയ സത്യവാങ്മൂലം നൽകാനും കേസ് ഇനി പരിഗണിക്കുന്ന ഏപ്രിൽ പത്തിന് നേരിട്ട് ഹാജരാകാനും ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു.
സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കഴിഞ്ഞദിവസമാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഏത് ആരോഗ്യസേവനമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും എന്നാൽ, ഏതെങ്കിലും ചികിത്സാസംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ആയിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

