പഞ്ചാബിൽ ഓപ്പറേഷൻ താമര ആരോപണവുമായി ആം ആദ്മി പാർട്ടി. പണവും പദവിയും നൽകി എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഇന്നും കേജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രതിഷേധിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പുറമെ പഞ്ചാബിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപണം. പഞ്ചാബിൽ ഓപ്പറേഷൻ താമരക്കുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞെന്ന് നേതാക്കൾക്ക് വന്ന ഫോൺ കോളുകൾ ചൂണ്ടിക്കാട്ടി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ലോക്‌സഭ സീറ്റ്, സുരക്ഷ, പദവികൾ, പണം എന്നിവ വാഗ്ദാനം ചെയ്ത് സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും സൗരഭ് ഭരദ്വാജ്.
ജലന്ധർ എം.പി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുറലും ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. കേജ്രിവാൾ ഖലിസ്ഥാൻ നേതാക്കളിൽനിന്ന് പണം വാങ്ങിയെന്ന ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ വിഡിയോ ബിജെപി അനുകൂല അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതിനെയും സൗരഭ് ഭരദ്വാജ് വിമർശിച്ചു. പന്നുവിന്റെ വിഡിയോ പ്രചരിപ്പിക്കുന്നവർ തന്നെയാണ് കെജ്രിവാളിനെ അനുകൂലിച്ചുള്ള അമേരിക്കയുടെയും ജർമനിയുടെയും പ്രസ്താവനകളെ എതിർക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് കൂട്ടിച്ചേർത്തു. ഞാനും കേജ് രിവാൾ എന്ന മുദ്രാവാക്യമുയർത്തിയാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്നും ഐടിഒ മെട്രോ സ്റ്റേഷൻ ഗേറ്റിൽ പ്രതിഷേധിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

