ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്തയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. ഒരു ദിവസം മുഴുവൻ ഉണ്ടായിട്ടും അദ്ദേഹത്തിന്‍റെ അഭിഭാഷകനെ മുൻകൂട്ടി അറിയിക്കാതിരുന്നത് കോടതി ചോദ്യം ചെയ്തു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. ‘നിങ്ങൾക്ക് അദ്ദേഹത്തെ രാവിലെ 10 മണിക്ക് ഹാജരാക്കാമായിരുന്നു.’ ബെഞ്ച് കൂട്ടിച്ചേർത്തു. അഭിഭാഷകനെ കയറ്റുന്നതിന് മുമ്പായി പുർകയസ്തയുടെ റിമാൻഡ് ഉത്തരവ് വന്നതിൽ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
അറസ്റ്റ് നടക്കുമ്പോൾ അന്വേഷണ ഏജൻസിയുടെ പെരുമാറ്റത്തെയും കോടതി ചോദ്യം ചെയ്തു. തന്‍റെ കക്ഷിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പുർകയസ്തക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചതിന് പിന്നാലെയാണ് പരാമർശം. 2023 ഒക്ടോബർ മൂന്നിന് വൈകുന്നേരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അടുത്ത ദിവസം തന്നെ രാവിലെ ആറ് മണിക്ക് അഭിഭാഷകൻ ഹാജരാകാതെ പുർകയസ്തയെ വിചാരണ കോടതിയിൽ ഹാജരാക്കി. ഒരു റിമാൻഡ് അഭിഭാഷകനാണ് കൂടെ ഹാജരായത്. രാവിലെ ആറ് മണിക്കാണ് പുർകയസ്തയെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് ഓർഡർ രാവിലെ ആറ് മണിക്ക് തന്നെ പാസാക്കി. റിമാൻഡ് അപേക്ഷ ഒരു മണിക്കൂറിന് ശേഷം ഏഴ് മണിക്ക് ശേഷം വാട്‌സ്ആപ്പ് വഴി പുർക്കയസ്തയുടെ അഭിഭാഷകന് അയച്ചുവെന്നും സിബൽ വാദിച്ചു. അറസ്റ്റിനുള്ള കാരണം നൽകുന്ന കാര്യത്തിൽ ഏജൻസി സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണെന്ന് സിബൽ കൂട്ടിച്ചേർത്തു.
24 മണിക്കൂറിനുള്ളിൽ ഹാജരാക്കുമെന്ന് പുർകയസ്തയുടെ നിയമസംഘത്തിന് അറിയാമായിരുന്നുവെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന് വേണ്ടി ഹാജരായ എ.എസ്.ജി എസ്.വി രാജു ചൂണ്ടികാണിച്ചു. റിമാൻഡ് അപേക്ഷയിൽ അറസ്റ്റിനുള്ള കാരണങ്ങൾ ഉണ്ടെന്നും അത് അറസ്റ്റിന്‍റെ കാരണങ്ങൾ ആശയവിനിമയം നടത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 1967 (യു.എ.പി.എ) കേസിൽ അറസ്റ്റ് ചെയ്തതിനെയും റിമാൻഡ് ചെയ്തതിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള പുർക്കയസ്തയുടെ ഹരജിയിൽ കോടതി ഉത്തരവുകൾ മാറ്റിവച്ചു. ന്യൂസ്‌ക്ലിക്ക് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയിൽ ‘ദേശവിരുദ്ധ പ്രചരണം’ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് ധനസഹായം ആരോപിച്ചെന്ന കേസിൽ 2023 ഒക്ടോബർ 3 മുതൽ പുർക്കയസ്ത കസ്റ്റഡിയിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

