രണ്ട് നീറ്റ് ഹർജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക.
ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതല്‍ സ്ഥലങ്ങളില്‍ ചോർന്നതിന് തെളിവില്ല എന്ന നിലപാടില്‍ കോടതി ഉറച്ചു നില്‍ക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാല്‍ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എട്ടു കേന്ദ്രങ്ങളില്‍ ചോദ്യപേപ്പർ സെറ്റ് മാറി നല്‍കി എന്ന് എൻടിഎ കോടതിയില്‍ സമ്മതിച്ചു. ഫിസിക്സില്‍ ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ക്ക് മാർക്ക് നല്‍കിയത് പുനഃപരിശോധിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് റിപ്പോർട്ട് നല്‍കും.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ലോക്സഭയില്‍ ഇന്നലെ ഭരണ – പ്രതിപക്ഷ പോര് കടുത്തിരുന്നു. രാജ്യത്തെ പരീക്ഷാ സമ്ബ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ചോദ്യ പേപ്പർ ചോർച്ചക്ക് തെളിവില്ലെന്നും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രം മറുപടി പറയാനേ സർക്കാരിന് ബാധ്യതയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തിരിച്ചടിച്ചു.
പ്രതിലോമ രാഷ്ട്രീയം കളിക്കുന്ന ചില കക്ഷികള്‍ പാർലമെൻറിൻറെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി വിമർശിച്ചു.
നീറ്റ് വിവാദം പുകയുമ്പോള്‍ കഴിഞ്ഞ 7 വർഷത്തിനിടെ ചോദ്യപേപ്പർ ചോർന്നതിന് ഒരു തെളിവുമില്ലെന്നാണ് ചോദ്യോത്തര വേളയില്‍ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതിരോധമുയർത്തിയത്. നീറ്റ് പരീക്ഷക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഒന്നും മറച്ചു വയക്കാനില്ലെന്ന് പറഞ്ഞ മന്ത്രി കേന്ദ്രത്തിൻറെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
മന്ത്രിയുടെ വാദം തള്ളിയ രാഹുല്‍ ഗാന്ധി പണം ഉള്ളവന് പരീക്ഷ ജയിക്കാമെന്ന നിലയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ സമ്ബ്രദായമെത്തിയെന്ന് കുറ്റപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

