രാജസ്ഥാനിലെ ജനങ്ങളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ബാബുലാൽ ഖരാദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകുമെന്നതിനാൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖരാദിയുടെ പരാമര്‍ശത്തിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ പരസ്പരം നോക്കുകയും സദസ്സിലുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു. “ആരും പട്ടിണി കിടക്കരുതെന്നും കൂരയില്ലാതെ ഉറങ്ങരുതെന്നതും പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. നിങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക. പ്രധാനമന്ത്രി നിങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകും, പിന്നെ എന്താണ് പ്രശ്നം?” ഖരാദി ചോദിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് വീണ്ടും വോട്ട് ചെയ്യണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ നടപടികൾക്ക് തുടക്കമിടുകയാണ്. എൽപിജി സിലിണ്ടർ വിലയിൽ 200 രൂപ കുറച്ചിട്ടുണ്ടെന്നും രാജസ്ഥാനിലെ ബിജെപി സർക്കാർ ഇപ്പോൾ ഉജ്ജ്വല സ്കീമിന് കീഴിൽ 450 രൂപയ്ക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

