പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. മോദിയെ തിരിച്ച് വീട്ടിലെത്തിക്കും വരെ പാര്‍ട്ടിക്ക് ഉറക്കമുണ്ടാവില്ലെന്ന് ഉദയനിധി പറഞ്ഞു. തന്റെ സ്വീകാര്യത കണ്ട് ഡിഎംകെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ഉദയനിധിയുടെ പ്രതികരണം. ഇന്‍ഡ്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലും മോദി പ്രസംഗിച്ചിരുന്നു.
‘പ്രധാനമന്ത്രി പറയുന്നത് ഡിഎംകെക്ക് ഉറങ്ങാനാവുന്നില്ല എന്നാണ്. അതെ നിങ്ങളെ തിരിച്ച് വീട്ടിലെത്തിക്കും വരെ ഞങ്ങള്‍ക്ക് ഉറക്കമുണ്ടാവില്ല. ബി.ജെ.പിയെ വീട്ടിലേക്ക് തിരിച്ചയക്കും വരെ ഞങ്ങള്‍ ഉറങ്ങാന്‍ പോകുന്നില്ലെന്നും’ ഉദയനിധി പറഞ്ഞു. 2014 ല്‍ ഗ്യാസ് സിലിണ്ടറിന് 450 രൂപയായിരുന്നു. ഇന്ന് അത് 1200 രൂപയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി നാടകവുമായി രംഗത്ത് വന്ന് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും 500 രൂപ കൂട്ടുമെന്നും’ അദ്ദേഹം പറഞ്ഞു.’
മിഷോങ് ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിച്ചപ്പോള്‍ പ്രധാനമന്ത്രി തമിഴ്‌നാട് സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന നേതാവ് എം.കരുണാനിധിയുടെ 100 ാം പിറന്നാളാണ് ജൂണ്‍ മൂന്നിന്. ജൂണ്‍ നാലിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലേയും മണ്ഡലങ്ങളില്‍ ജയിക്കുമെന്നും അത് അദ്ദേഹത്തിനുള്ള സമ്മാനമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു. കേന്ദ്ര സർക്കാർ നികുതി വിഹിതം അനുവദിക്കുന്നതിലെ വിവേചനത്തെ വിമർശിച്ച് കഴിഞ്ഞ ദിവസവും ഉദയനിധി സ്റ്റാലിൻ മോദിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാനം നികുതിയായി അടക്കുന്ന ഓരോ രൂപക്കും 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നൽകുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇനി നമ്മൾ പ്രധാനമന്ത്രിയെ 28 പൈസ പ്രധാനമന്ത്രി എന്ന് വിളിക്കണമെന്നും ഉദയനിധി പരിഹസിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

