ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ് വാരണാസിയിലെ ജയ എന്ന തെരുവുനായയുടെ ദിവസം എത്തിക്കഴിഞ്ഞു. സംരക്ഷകയായ വനിതയോടൊപ്പം നെതർലൻഡ്സിലേക്കു പറക്കാൻ തയാറെടുക്കുകയാണ് തെരുവുനായ. ഇതിനായുള്ള പാസ്പോർട്ട്, വീസ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി ആംസ്റ്റർഡാം സ്വദേശിനി മെറൽ ബോണ്ടൻബെൽ പറഞ്ഞു.
താൻ നായ്ക്കളെ ഇഷ്ടപ്പെടുന്നുവെന്നും വീട്ടിൽ വളർത്താൻ താത്പര്യമുണ്ടെന്നും ബോണ്ടൻബെൽ പറഞ്ഞു. ഇന്ത്യയിലെ ക്ഷേത്രനഗരിയായ വാരണാസി സന്ദർശിക്കുന്പോഴാണ് അവർക്ക് തെരുവുനായയെ ലഭിക്കുന്നത്. ഒരു ദിവസം താൻ സഹയാത്രികർക്കൊപ്പം അലസമായി വാരണാസി നഗരത്തിലൂടെ നടക്കുമ്പോൾ ജയ തങ്ങളുടെ അടുത്തേക്കുവന്നു. പിന്നീട് ആ നായ തന്നെ വിട്ടുപോയില്ല.
ഒരു ദിവസം, തെരുവിൽവച്ചു ജയയെ മറ്റൊരു നായ ആക്രമിച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ജയയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നായയെ ദത്തെടുക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നില്ല. പിന്നീട് നായയെ തന്‍റെ നാട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പട്ടിക്ക് പാസ്‌പോർട്ടും വീസയും ലഭിക്കുന്നതിനായി ആറു മാസത്തേക്കുകൂടി ഇന്ത്യയിൽ താമസിക്കേണ്ടതായും വന്നു. ഞാനിപ്പോൾ സന്തോഷവതിയാണ്. ജയയുമായി ജന്മനാട്ടിലേക്കു പോകാനൊരുങ്ങുന്നു- ബോണ്ടൻബെൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

