‘തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല, കർണാ‌ടകയ്ക്കായാണ്’; മോദി‌യുടെ ’91 തവണ അധിക്ഷേപം’ പരാമർശത്തിനെതിരെ രാഹുൽ

കോൺ​ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. “കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കൾ വന്നത്. പക്ഷേ, വന്നിട്ട് കർണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവർഷം കർണാ‌‌ടക‌യ്ക്കു വേണ്ടി താങ്കൾ എന്ത് ചെയ്തെന്ന് ജനങ്ങളോ‌ട് വ്യക്തമാക്കണം. അടുത്ത അഞ്ച് വർഷം എന്ത് ചെയ്യാൻ പോകുന്നുവെന്നും പറ‌യണം. യുവജനങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ രം​ഗത്തിന് വേണ്ടി ആരോ​ഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെ‌യ്യുമെന്ന് വ്യക്തമാക്കണം”. രാഹുൽ പറഞ്ഞു. 

“തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല. അത് കർണാടക‌യിലെ ജനങ്ങൾക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. കോൺ​ഗ്രസ് താങ്കളെ 91 തവണ അധിക്ഷേപിച്ചെന്ന് താങ്കൾ  പറയുന്നു. പക്ഷേ, കർണാടക‌യിലെ ജനങ്ങൾക്കാ‌യി താങ്കൾ എന്ത് ചെയ്തെന്ന് പറയാൻ കഴിയുന്നില്ല. അടുത്ത പ്രസം​ഗത്തിലെങ്കിലും അക്കാര്യങ്ങൾ ഉൾപ്പെ‌ടുത്തണം”. രാഹുൽ കൂട്ടിച്ചേർത്തു. ‘മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകും’ എന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ പരാമർശമാണ് ബിജെപി‌യും മോദി‌യും ആയുധമാക്കുന്നത്. ഖാർ​ഗെ‌യ്ക്കുള്ള മറുപടി എന്ന നിലയ്ക്കാണ് കോൺ​ഗ്രസ് 91 തവണ അധിക്ഷേപിച്ചെന്ന് മോദി പറഞ്ഞത്. 

 താൻ കർണാടകത്തിലെത്തുമ്പോൾ അവിടുത്തെ നേതാക്കളാ‌യ സിദ്ധരാമയ്യയെക്കുറിച്ചും ഡി കെ ശിവകുമാറിനെക്കുറിച്ചുമൊക്കെ പറ‌യാറുണ്ട്. എന്നാൽ മോദി കർണാടകത്തിലെത്തിയാൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മയെക്കുറിച്ചോ ബി എസ് ‌യെദിയൂരപ്പ‌യെക്കുറിച്ചോ ഒന്നും പറയാറില്ല. പ്രസം​ഗിക്കുന്നതെല്ലാം സ്വന്തം കാര്യം മാത്രമാണ്. ഒന്നുരണ്ട് പ്രാവശ്യം അവരെക്കുറിച്ചു കൂടി പറ‌യൂ, അവർക്ക് സന്തോഷമാകുമെന്നും രാഹുൽ പറഞ്ഞു. 

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply