തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെ അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത

മലയാളികളായ മൂന്ന് പേരെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു.

പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.

ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്.

മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply