തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വഞ്ചനയിലൂടെയാണ് 2022ൽ ബി.ജെ.പി തന്റെ സർക്കാറിനെ അട്ടിമറിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരഷ്ട്രയിലെ അലിബാഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ ഭീരുവായ സർക്കാർ വരുന്നതിലുള്ള സന്തോഷത്താൽ ചൈനയിലും പടക്കംപൊട്ടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ഉത്സാഹിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഉദ്ധവ് താക്കറെ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് ഭീതി പടര്‍ത്താനാണെന്ന് ഉദ്ധവ് പറഞ്ഞു.
പൂഞ്ച് ഭീകരാക്രമണത്തിൽ ഒരു ഐ.എ.എഫ് സൈനികന്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെയും ഉദ്ധവ് പരാമര്‍ശിച്ചു. അവിടേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പോയില്ലെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മകനെന്ന നിലയിൽ ഉദ്ധവ് താക്കറെയെ താൻ ബഹുമാനിക്കുമെന്നും അദ്ദേഹം ദുരിതത്തിലായാൽ ആദ്യം സഹായിക്കുന്ന വ്യക്തിയായിരിക്കുമെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറയുടെ പരാമര്‍ശം.
എന്നാല്‍ പ്രധാനമന്ത്രി മോദി, ഇതുവരെ ജനങ്ങൾക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂവെന്നും വന്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

