ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്‌ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്‌നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്‌നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്‌ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

