രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി. പുതിയ പാർലമെൻ്റിൻ്റെ ലോബിയിൽ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാർലമെന്റിനേക്കാൾ നല്ലത് പഴയ പാർലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാർലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാൻ എല്ലാ പാർട്ടികളുടെ എംപിമാരും ഉൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോർ എംപി അടിയന്തര പ്രമേയ നോട്ടീസ നൽകി.
ഡൽഹിയിൽ മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ഡൽഹിയിൽ വീട് തകർന്നു വീണാണ് ഒരാൾ മരിച്ചത്. ഗാസിയാബാദിൽ അമ്മയും മകനും വെള്ളക്കെട്ടിൽ വീണു മരിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. അതേസമയം കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി തീർത്ഥാടകർ കുടുങ്ങി.ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

