‘ഡല്‍ഹി ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം, അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷം വകവെക്കാതെ ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്. കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫത്തേഗഡ് സാഹിബില്‍ ട്രാക്ടറുകളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മാസങ്ങളോളം സമരപാതയില്‍ തുടരാനുള്ള മുന്നൊരുക്കങ്ങളുമായാണ് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. വായ്പ പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. സമരം പുനരാരംഭിച്ചതോടെ, കര്‍ഷകരെ തടയാനായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കമുള്ള വന്‍ വേലിക്കെട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. സിംഘു, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ അടച്ചു. സിംഘുവില്‍ കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങി. കര്‍ഷക നേതാവ് അക്ഷയ് നര്‍വാളിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പഞ്ചാബ്-ഹരിയാണ അതിർത്തികളിലുണ്ടായ സംഘർഷത്തിൽ നിരവധി കർഷകർക്കും പൊലീസുകാർക്കും പരിക്കേറ്റു. 24 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 30-ലധികം സമരക്കാർക്ക് പരിക്കേറ്റുവെന്ന് കർഷകർ പറയുന്നു. പൊലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്ന് കർഷകർ ചൂണ്ടിക്കാട്ടി. ശംഭു അതിർത്തിയിൽ പൊലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചു.അതേസമയം കേന്ദ്രസർക്കാർ നിലപാടിനെതിരെ ശിരോമണി അകാലിദൾ രം​ഗത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം കേൾക്കണമെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കാണാനാകുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. അക്രമങ്ങളിലൂടെ ഒന്നും നേടാനാകില്ല. അത് രാജ്യത്തിന് ദോഷം ചെയ്യും. കർഷക നേതാക്കൾ സമാധാനപരമായി നിലകൊള്ളണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply