ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. റോബിന്‍ സാച്ചൂസ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതിന്‍റെ വീഡിയോ യുവാവ് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ കൊടുത്ത് വാങ്ങിയ ചോക്ലേറ്റിന്‍റെ ബില്ലും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
“ഇന്ന് രത്നദീപ് മെട്രോ അമീർപേട്ടിൽ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റിൽ ഒരു ഇഴയുന്ന പുഴുവിനെ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുന്നുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ” കുറിപ്പില്‍ പറയുന്നു. പോസ്റ്റ് നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ പ്രതികരിച്ചു.
കാഡ്ബറിയും റോബിന്‍റെ പോസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തി. ചോക്ലേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ കമ്പനി യുവാവിനോട് ആവശ്യപ്പെട്ടു. “ഹായ്, മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡ്‌ബറി ഇന്ത്യ ലിമിറ്റഡ്) എപ്പോഴും ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു.നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ദയവായി നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ, വാങ്ങൽ വിശദാംശങ്ങൾ എന്നിവ നൽകിക്കൊണ്ട് Suggestions@mdlzindia.com എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക” കമ്പനി അഭ്യര്‍ഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

