‘ചിരാഗ് പസ്വാൻ സീറ്റുകൾ വിറ്റു’; എൽജെപി വിട്ട് 22 നേതാക്കൾ, ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു.

ചിരാഗ് പണം വാങ്ങി ലോക്സഭാ ടിക്കറ്റുകൾ വിൽക്കുകയാണെന്ന വിമർശനം ഉന്നയിച്ച ഇവർ, പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിങ്. അജയ് കുശ്‌വാഹ, സഞ്ജയ് സിങ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി എന്നീ പ്രമുഖരും പാർട്ടിവിട്ടവരിൽ ഉൾപ്പെടും. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് എൽജെപി.

”പുറത്തുനിന്നുള്ളവർക്കല്ല പാർട്ടിയിലുള്ളവർക്കാണു മത്സരിക്കാൻ അവസരം നൽകേണ്ടത്. പുറത്തുനിന്നുള്ളർക്കു ടിക്കറ്റ് കൊടുക്കുന്നതിന്റെ അർഥം മത്സരിക്കാൻ യോഗ്യരായവർ പാർട്ടിക്കുള്ളിൽ ഇല്ല എന്നല്ലേ. നിങ്ങൾക്കു വേണ്ടി ജോലിയെടുക്കുന്ന തൊഴിലാളികളാണോ ഞങ്ങൾ? പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ അവസരം നൽകുന്നതോടെ പാർട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതായാണ് ചോദ്യം ചെയ്യപ്പെടുന്നത്”- രാജിക്കത്തിൽ മുൻ എംപി രേണു കുശ്‌വാഹ പറഞ്ഞു.

എൽജെപിയിൽനിന്നു വിട്ടവർ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നു മുൻ എംഎൽഎയും ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ പറഞ്ഞു. ”ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കവേ, എൽജെപി പ്രധാന നേതാവ് പുറത്തുനിന്നുള്ളവർക്കു മത്സരിക്കാൻ ടിക്കറ്റ് നൽകി എന്നുള്ളത് പാർട്ടി പ്രവർത്തകരെയെല്ലാം ഞെട്ടിച്ചു. ഒരു പുതിയ ബിഹാറിനെ സ്വപ്നം കണ്ടു രാവും പകലും ചിരാഗ് പാസ്വാനു മുദ്രാവാക്യം വിളിച്ചു നടന്നവരെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്. ഇനി രാജ്യത്തെ രക്ഷിക്കുന്നതിനായി ഞങ്ങൾ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും”- സതീശ് കുമാർ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply