ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
റിക്ഷാതൊഴിലാളിയായ രാംവീര്‍ ബാഘേലിനാണ് ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ രാംവീര്‍ പറയുന്നു.
മാര്‍ച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. മറ്റൊരു വാടകക്കാരന്റെ മകനെ രാവിലെ ആറ് മണിക്ക് പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതിനാല്‍ തിരക്കിട്ട് പോവുകയായിരുന്നു താനെന്ന് രാംവീര്‍ പറയുന്നു. ധൃതിയിലായതിനാല്‍ ഗേറ്റടക്കാന്‍ വിട്ടുപോയി. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. ഇതില്‍നിന്ന് യുവതിയെ തടയാന്‍ രാംവീര്‍ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭര്‍ത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിച്ചു.
കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് രാഖിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ആരിബ് അഹമ്മദ് അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

